Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Thursday 25 June 2015

വായനാദിനം.......................വായനാവാരം

                            ജുണ്‍ 19 വായനാദിനം സ്ക്കുളില്‍ ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ളിയില്‍ ശ്രീ പി എന്‍ പണിക്കരെ അനുസ്മരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിഥി കുമാരി സിയോണ ജെയിംസ്,
അദ്ധ്യാപക പ്രതിനിഥി ശ്രീ ബിജു പി ജോസഫ് എന്നിവര്‍ വായനാദിന സന്ദേശം നല്‍കി.തുടര്‍ന്ന് പ്രധാനാദ്ധ്യാപിക സി. പ്രദീപ വായനാവാര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വായനാവാരത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സജ്ജീവമാക്കാനും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു. 3 മുതല്‍ 7 വരെയുള്ള ക്ളാസ്സുകളില്‍ വിതരണം ചെയ്യുന്ന പത്രങ്ങളെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരം നടത്താനും, പുസ്തക ശേഖരണം നടത്താനും, വായനാവാരാവസാനം പ്രസംഗമത്സരം നടത്താനും നിശ്ചയിച്ചു. ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രശസ്തരായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത കൃതികളുടെ ഭാഗങ്ങള്‍ വായിക്കുന്നത് കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിന് സഹായകമാകും. ഈ വാരത്തില്‍ ക്ളാസ്റൂം പ്രവര്‍ത്തനങ്ങളില്‍ വായനയെ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Monday 15 June 2015

വായനയെക്കുറിച്ച്.......................

                                       



വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.
പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.


വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ? നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.
സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്.

Sunday 7 June 2015

പരിസ്ഥിതിദിനം സമുചിതം ആഘോഷിച്ചു.

                                                         
                              സെന്റ് മേരീസ് എ യു പി സ്ക്കൂള്‍ മാലക്കല്ലില്‍ ജൂണ്‍ 5 പരിസ്ഥിതിദിനം സമുചിതം ആഘോഷിച്ചു. രാവിലെ ചേര്‍ന്ന അസംബ്ളിയില്‍ ഈ സ്ക്കൂളിലെ അദ്ധ്യാപകനായ ശ്രീ ലൂക്കോസ് മാത്യു പരിസ്ഥിതിദിനത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാന്‍ ഈ തലമുറ ചെയ്യേണ്ടതെന്ത് എന്ന് ലൂക്കോസ് സ്സാര്‍ ഓര്‍മ്മപ്പെടുത്തി. മുന്‍തലമുറ നമുക്ക് ദാനമായിത്തന്ന ഈ പ്രകൃതിയെ അടുത്ത തലമുറയ്ക്കുവേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്വ്യമാണെന്ന് സ്സാര്‍ ഊന്നിപ്പറഞ്ഞു.പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായ എന്റെമരം പദ്ധതിക്ക്  അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് അഫ്സീറയ്ക്ക് വൃക്ഷത്തൈ നല്‍കി ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ തുടക്കം കുറിച്ചു.
സ്ക്കൂള്‍ ലീഡര്‍ ചൊല്ലിക്കൊടുത്ത പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി.
                                             അസംബ്ളിക്ക് ശേഷം വിവിധക്ളാസ്സുകളില്‍ പ്രസംഗമത്സരം, പോസ്റ്റര്‍ രചന, കവിത/ഗാനാലാപനം,ക്വിസ്സ് മത്സരം, എന്നിങ്ങനെ പര്സ്ഥിതിദിനവുമായി ബന്ധപ്പെട്ട ക്ളാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു.വൈകുന്നേരം മൂന്ന് മണിക്കു ശേഷം കുട്ടികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.

Monday 1 June 2015

പ്രവേശനം ഉത്സവമാക്കി പ്രവേശനോത്സവം.

                   



        വാകപ്പുക്കള്‍ ചെമ്പട്ട് വിരിച്ച സ്ക്കുള്‍ അങ്കണത്തില്‍ പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലുമായി ​​എത്തിച്ചേര്‍ന്ന പിഞ്ചോമനകളെ വിദ്യാലയം നെഞ്ചോടുചേര്‍ത്തു. കളഭം ചാര്‍ത്തി , ബലുണ്‍ നല്‍കി, നെയിം ടാഗും പൂക്കളും നല്‍കി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ,M PTA പ്രസിഡന്റ് ശ്രീമതി ജെയ്സി ജോണ്‍ , അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍,കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു.
മാലക്കല്ല് ടൗണ്‍ ചുറ്റിവന്ന റാലിക്കു ശേഷം ഏവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു.M PTA പ്രസിഡന്റ് ശ്രീമതി ജെയ്സി ജോണിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍
മാനേജര്‍,,വിദ്യാര്‍ത്ഥി,രക്ഷിതാവ്,അദ്ധ്യാപകന്‍ എന്നിങ്ങനെ അദ്ധ്യയനത്തിന്റെ വിവിധ മേഖലകള്‍ ഒന്നുചേര്‍ന്ന്, സ്റ്റേജില്‍ സജ്ജമാക്കിയ അക്ഷരമുറ്റത്തിന് തിരികൊളുത്തി
ഈ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ ഒന്നാം ക്ളാസ്സിലേക്ക് ക‌ടന്നു വന്ന എല്ലാ കുട്ടികള്‍ക്കും ബുക്കും പെന്‍സിലും സമ്മാനമായി നല്‍കി. എല്ലാ നവാഗതരും നെഞ്ചോടുചേര്‍ക്കുന്ന ഒരനുഭവമായി ഈ  പ്രവേശനോത്സവം.