Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Monday 19 June 2017

ജൂൺ 19 വായനാദിനം


                                               ശ്രീ പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ ശ്രീ രാജു സർ അദ്ദേഹത്തെ അനുസ്മരിച്ചു

സംസാരിച്ചു. മലയാള മനോരമയുടെ വായനക്കളരി പദ്ധതി പത്രം സംഭാവന ചെയ്ത ജോസ് കടമുറിയിൽ  നിന്ന് പത്രം ഏറ്റുവാങ്ങി സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ:ഫാ. സിജോ മരങ്ങാട്ടിൽ ഉത്‌ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ഫാ. സിജോയും മനോരമയുടെ പ്രാദേശിക ലേഖകൻ ശ്രീ രവിയും ബി ആർ സി ട്രെയിനർ ശ്രീമതി സുധ ടീച്ചറും കുട്ടികളോട് സംസാരിച്ചു. ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി സെലിൻ ശ്രീ അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന
പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.വായനയുടെ അനുഭൂതി ഈ വിവരണത്തിലൂടെ കുട്ടികളിലെത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു.യോഗത്തിനു ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബിജു പി ജോസഫ് നന്ദിയും പറഞ്ഞു.
                                                                   ഇന്ന് മുതൽ ഒരുമാസക്കാലത്തേക്കു നീണ്ടു നിൽക്കുന്ന വായനയുടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ
നടത്താനിരിക്കുന്നത്. വായനക്കുറിപ്പ്,ക്വിസ്, കൈയെഴുത്തു മത്സരം,ഉപന്യാസം,പ്രസംഗം,വായനാ മത്സരം,എഴുത്തുകാരെ പരിചയപ്പെടൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ക്‌ളാസ്സ്‌ മുറിക്കുള്ളിലും രക്ഷിതാക്കൾക്കായി അമ്മക്കുറിപ്പ് എന്ന  വായനക്കുറിപ്പു തയ്യാറാക്കലും വിഭാവനം ചെയ്തിരിക്കുന്നു.

Thursday 15 June 2017

അനുശോചിച്ചു:

                                                        
🌹🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
                                                  സുദീർഘമായ 38 വർഷം ഈ സ്കൂളിന്റെ  മാനേജരായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തിൽ ഇന്ന് രാവിലെ ചേർന്ന സ്കൂൾ അസംബ്ലയിൽ അനുശോചനം രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് ഹെഡ്മിസ്ട്രസ് സി പ്രദീപ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.ക്നാനായ സമുദായത്തിനും നമ്മുടെ വിദ്യാഭ്യാസ മേഖലക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണെന്ന് അനുസ്മരണ സംഭാഷണങ്ങളിൽ അവർ സൂചിപ്പിച്ചു.

ആദരാഞ്ജലികൾ

ഞങ്ങളുടെ പ്രിയപ്പെട്ട കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 

Wednesday 7 June 2017

ജൂൺ 5 ലോകപരിസ്ഥിതിദിനം

                               മാലക്കല്ല്   സെൻറ് മേരീസ് എ യു  പി സ്കൂളിൽ ലോകപരിസ്ഥിതിദിനം ആഘോഷപൂർവം ആചരിച്ചു.

                                                                    ഇന്നേ ദിവസം നടന്ന സ്കൂൾ അസംബ്‌ളിയിൽ വെച്ച് സ്കൂൾ മാനേജർ ഫാ ബൈജു എടാട്ട് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തു  മാനേജർ ഫാ ബൈജു ഏടാട്ടും ഹെഡ്മിസ്ട്രസ് സി പ്രദീപയും ചേർന്ന്  വൃക്ഷത്തൈ നട്ടു പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തു. പരിസ്ഥിതിദിന ബന്ധിതമായ ക്‌ളാസ്സ്‌റൂം പ്രവർത്തനങ്ങളായി
കുറിപ്പ് തയ്യാറാക്കൽ ,മുദ്രാവാക്യം,പ്ലേക്കാർഡ്,പോസ്റ്റർ എന്നിവ തയ്യാറാക്കൽ ഷോർട് ഫിലിം പ്രദർശിപ്പിക്കൽ , ചർച്ച,ക്വിസ്, മൈക്കിൾ ജാക്സൺ ആലപിച്ച പരിസ്ഥിതിസംരക്ഷണത്തെ ആഹ്വാനം ചെയ്യുന്ന ഗാനങ്ങൾ,ശ്രീ മുരുകൻ കാട്ടാക്കടയുടെ ജലസംരക്ഷണത്തിൻറെ ആവശ്യം സൂചിപ്പിക്കുന്ന കവിതകൾ,എന്നിവയിലൂടെ ഈ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നിലവിൽ സ്കൂൾ കോംബൗണ്ടിൽ ഉള്ള മരങ്ങൾ സംരക്ഷിച്ചു വളർത്തിക്കൊണ്ടു വരാനും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളും വിവിധതരം ചെടികളും നടുകയും അവയെ സംരക്ഷിക്കാനായി ചെമ്പരത്തികൊണ്ടു ജൈവവേലി നിർമ്മിക്കാനായി പരിസ്ഥിതി സേനയെ ചുമതലപ്പെടുത്തുകയും ചെയ്തു.             

Monday 5 June 2017

പ്രവേശനോത്സവം

                        
                            2017 ജൂൺ 1 . പുതിയ അധ്യയന വർഷത്തെ ഞങ്ങൾ സ്വാഗതം ചെയ്തത് ഏറെ സന്തോഷത്തോടെയാണ് . സ്കൂൾ നിറഞ്ഞു കവിഞ്ഞു കുട്ടികൾ . ഒന്നാം ക്‌ളാസിൽ 100 . മറ്റു ക്‌ളാസ്സുകളിലേക്കു എൺപതോളം .പ്രവേശനോത്സവം ഉത്സവം ആക്കാൻ ഉത്സാഹം  ഏറെ .മുപ്പത്തിയൊന്നാം തിയതി തന്നെ സ്കൂളും പരിസരവും അണിഞ്ഞൊരുങ്ങി.സ്കൂൾ ഭിത്തിയും തൂണുകളും ക്ലസ്സ്മുറികളും ഒരു ചിത്രകഥ പുസ്തകം പോലെ. കുഞ്ഞുങ്ങൾക്കായി തയ്യാറായി . ജൂൺ ഒന്നിന്
രാവിലെ സ്കൂളിലേക്ക് എത്തിച്ചേർന്ന നവാഗതരെ കലാപം തൊട്ടും ബലൂൺ നൽകിയും നെയിം ടാഗ് നൽകിയും സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാലക്കല്ല് ടൌൺ ചുറ്റി നടന്ന റാലിക്ക്
മാനേജർ,ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,വാർഡ് മെമ്പർ ,എന്നിവർ നേതൃത്ത്വം നൽകി. തുടർന്ന് സ്കൂൾ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു . കള്ളാർ ഗ്രാമപഞ്ചായത് മെമ്പർ , ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർഥി , ശ്രീ ജിനീഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ
സ്റ്റീഫൻ തേനമ്മാക്കിൽ ,മദർ പി ടി എ പ്രസിഡന്റ്ശ്രീമതി സിനി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് പാഠപുസ്തകം ,ക്രയോൺ ,പേന ,നോട്ടുബുക്ക്,യൂണിഫോം എന്നിവ സമ്മാനമായി നൽകി.ഹെഡ്മിസ്ട്രസ് സി പ്രദീപ സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീ രാജു തോമസ് സാർ നന്ദിയും അർപ്പിച്ച യോഗത്തിനു ശേഷം കുട്ടികൾ അവരവരുടെ ക്‌ളാസ് മുറികളിലേക്ക് പോയി . ക്‌ളാസ് കയറ്റം നടത്തിയതിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി.ഉച്ചക്ക് വന്നെത്തിയ എല്ലാവര്ക്കും നല്ലൊരു ഭക്ഷണവും അതിമധുരമായി പായസവും നൽകി കുട്ടികളെ  യാത്രയാക്കി.

Tuesday 30 May 2017

ഞങ്ങൾ എഴുപതിന്റെ നിറവിൽ ................

                         2017 - 18 അധ്യയനവർഷത്തിൽ  ഞങ്ങൾ വളരെ സന്തോഷത്തിലാണ് . ഞങ്ങളുടെ വിദ്യാലയത്തിന്റെ എഴുപതാം പിറന്നാളിലേക്കു കടക്കുന്നത് ഒന്നാം ക്‌ളാസിൽ എഴുപതു കുട്ടികളുമായിരിക്കണം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു .ഒന്നാം ക്‌ളാസിൽ എൺപതിൽ കൂടുതലും ഇതര ക്‌ളാസ്സുകളിൽ അനേകം പുതിയ കുട്ടികളും.ഇവരെ സ്വീകരിക്കാൻ എഴുപതിന്റെ സൗന്ദര്യവുമായി ഈ വിദ്യാലയം അണിഞ്ഞൊരുങ്ങി നിൽക്കുന്നു.നാളത്തെ പ്രവേശനോത്സവം ഒരു ഉത്സവം തന്നെ ആക്കി മാറ്റുവാൻ പ്രധാനാധ്യാപികയുടെ നേതൃത്ത്വത്തിൽ മാനേജുമെന്റും അധ്യാപരും പി ടി എ യും ആഞ്ഞുപരിശ്രമിക്കുകയാണ്.നിങ്ങളുടെ അനുഗ്രഹവും സഹകരണവും ഞങ്ങൾക്കൊപ്പം ഉണ്ടാകേണമേ.......