വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട്
കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍
പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു
തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍
പ്രകാശിച്ചുനില്‍ക്കുക.
പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു.
ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ
മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ്
ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത
പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.
വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ്
എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ?
നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും
വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ
ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു
തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം
എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.
സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.
ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ
വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്.